കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങള്‍. മീനച്ചില്‍ നദി ഈ പട്ടണത്തിന്റെ മധ്യത്തില്‍ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. ഭരണങ്ങാനം, മീനച്ചില്‍, മുത്തോലി എന്നീ പഞ്ചായത്തുകള്‍ പാലാ നഗരവുമായി അതിര്‍ത്തി പങ്കുവെക്കുന്നു. മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത് ലോപിച്ചാണ് പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാല്‍ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാര്‍ത്ഥമാണ് പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.