English| മലയാളം

ആമുഖം

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലാണ് പാലാ നഗരസഭ സ്ഥിതി ചെയ്യുന്നത്. പുലിയന്നൂര്‍, ളാലം, മീനച്ചില്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ നഗരസഭയ്ക്ക് 15.93 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കരൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ഭരണങ്ങാനം, മീനച്ചില്‍ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മീനച്ചില്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുലിയൂര്‍ തോടും, അതിനപ്പുറം മുത്തോലി പഞ്ചായത്തുമാണ് പാലാ നഗരസഭാ പ്രദേശത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് പാലാ നഗരപ്രദേശത്തെ ഉയര്‍ന്ന കുന്ന്, ചെരിവ്, ഇടത്തരം ചെരിവ്, നിരപ്പുഭൂമി, വെള്ളം കയറുന്ന മേഖല എന്നിങ്ങനെ തരംതിരിക്കാം. ഫലപുഷ്ടിയുള്ള പശിമരാശി മണ്ണ്, ചെങ്കല്‍ കലര്‍ന്ന മണ്ണ്, ചുണ്ണാമ്പു മണ്ണ്, വെള്ളപ്പൊക്കക്കാലത്ത് അടിഞ്ഞുകയറാറുള്ള എക്കല്‍ മണ്ണ് എന്നിവയാണ് ഇവിടെ പൊതുവേ കാണപ്പെടുന്ന മണ്ണിനങ്ങള്‍. പാലാത്ത് ചെട്ടിയാന്മാര്‍ അധിവസിച്ചിരുന്ന സ്ഥലമായിരുന്നതിനാല്‍ ഈ പ്രദേശത്തിന് പാലാത്ത് എന്ന സ്ഥലനാമം കൈവന്നുവെന്നും, പില്‍ക്കാലത്ത് പാലാത്ത് എന്ന പദം ലോപിച്ച് പാലാ എന്നായി മാറിയെന്നുമാണ് സ്ഥലനാമ ചരിത്രത്തിന് പിന്നിലുള്ള പ്രബലമായ നിഗമനം. അതേപോലെതന്നെ മീനച്ചിലാറിന് മുന്‍കാലത്ത് പാലാഴി എന്നൊരു പേര്‍കൂടി ഉണ്ടായിരുന്നുവെന്നും, ആയതിനാല്‍ പാലാഴി എന്ന വാക്ക് ലോപിച്ചാണ് പാലാ എന്ന സ്ഥലനാമമുണ്ടായതെന്നും മറ്റൊരു നിഗമനം കൂടിയുണ്ട്. വില്ലേജു യൂണിയനായിരുന്ന പാലാ ഒരു മുനിസിപ്പാലിറ്റിയായി രൂപം പ്രാപിച്ചത്, തിരുവിതാംകൂര്‍ മഹാരാജാവിന്റെ 1947 ഡിസംബര്‍ 11-ാം തീയതിയിലെ വിജ്ഞാപനപ്രകാരമാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ആര്‍ വി തോമസ് ആയിരുന്നു പാലാ മുനിസിപ്പാലിറ്റിയുടെ പ്രഥമ അധ്യക്ഷന്‍.

 

 പൊതുവിവരങ്ങള്‍

 

ജില്ല                                      : കോട്ടയം 
വിസ്തീര്‍ണ്ണം                            : 15.93 ച.കി.മി
കോഡ്                                  : M050100
വാര്‍ഡുകളുടെ എണ്ണം              : 26
ജനസംഖ്യ                             : 22640
പുരുഷന്മാര്‍‍                           : 10988
സ്ത്രീകള്‍‍                                 : 11652
ജനസാന്ദ്രത                           : 1375
സ്ത്രീ : പുരുഷ അനുപാതം          : 1013
മൊത്തം സാക്ഷരത                : 96
സാക്ഷരത (പുരുഷന്മാര്‍ )         : 97
സാക്ഷരത (സ്ത്രീകള്‍ )               : 96
Source : Census data 2001